കേരളത്തിന്റെ സുസ്ഥിര വികസന നേട്ടങ്ങള് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
Thiruvanathapuram, 23 February (H.S.) കേരളം മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന നേട്ടങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികള്‍ക്കാണ് സംസ്ഥാനം എപ്പോഴും ശ്രദ്ധ നല്‍കുന്നത്. ഹരിത
Pinarayi Vijayan


Thiruvanathapuram, 23 February (H.S.)

കേരളം മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന നേട്ടങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികള്‍ക്കാണ് സംസ്ഥാനം എപ്പോഴും ശ്രദ്ധ നല്‍കുന്നത്. ഹരിത കേരളം ദേശീയ പരിസ്ഥിതി സമ്മേളനം തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കായി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016-ല്‍ ഹരിതകേരളം മിഷന്‍ രൂപീകരിച്ചത്.'വെള്ളം,വൃത്തി,വിളവ്'എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ഈ മിഷനിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്രയും വിപുലമായ സംവിധാനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലഘട്ടം നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ് ഹരിതകേരളം മിഷന്‍ സെമിനാറിന്റെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം,ജൈവ വൈവിധ്യ ശോഷണം,ജല-വായു മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വേദിയില്‍ ചര്‍ച്ചകള്‍ നടത്തും. പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിച്ചതിന്റെ ഫലമായി ആഗോളതാപനം വര്‍ധിക്കുകയും അതിന്റെ ദൂഷ്യവശങ്ങള്‍ നമ്മള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു വരണം.

മാലിന്യ സംസ്‌കരണ മേഖലയില്‍ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയത്. ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നതോടെ ഇല്ലാതായിക്കൊണ്ടിരുന്ന പല നദികളും വീണ്ടെടുക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും മികച്ച സഹകരണത്തോടെയാണ്'പച്ചത്തുരുത്ത്'പോലുള്ള വലിയ പദ്ധതികള്‍ നടപ്പിലാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും,അതിനായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന ഗൗരവമായ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നെറ്റ് സീറോ പദവി നേടിയ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഹരിത കേരള മിഷന്‍ പ്രസിദ്ധീകരിച്ച'പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ കേരള മാതൃക'എന്ന പുസ്തകം മുഖ്യമന്ത്രി സംസ്ഥാന പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് സെക്രട്ടറി ഡോ. വീണാ എന്‍. മാധവന് നല്‍കി പ്രകാശനം ചെയ്തു.

---------------

Hindusthan Samachar / Sreejith S


 rajesh pande